Tuesday, February 26, 2013

കൊതുക് 3


കൊതുക് എന്ന വട്ടപേര് വളരെ ചെറു പ്രായത്തിലെ തന്നെ സ്വന്തമാക്കിയ മുഖ്യമന്ത്രിയെ  ഓരോ തവണയും ആ പേര് കേള്‍ക്കുന്നത് അസ്വസ്ഥനാക്കി മാറ്റി . ഭരണകക്ഷിയിലെ ആരും തന്നെ ആ പേര് ഉച്ചരിക്കരുതെന്നു അദ്ദേഹം ആവര്‍ത്തിച്ചു താക്കീതു നല്‍കി പ്രതിപക്ഷത്തിലെ ഭൂരിഭാഗം പേരും ആ തീരുമാനത്തെ പിന്തുണച്ചു . ചില അനിവാര്യ ഘട്ടങ്ങളില്‍ അവര്‍ ഒരു ഭീക്ഷണിയായി  പ്രയോഗിക്കുകയും ചെയ്തു .

കൊതുക് കടിയേറ്റു എട്ടുപേര്‍ മരിച്ച ദിവസം അംഗോളയില്‍ നടന്ന ഒരു രാഷ്ട്രീയ മാറ്റത്തില്‍ പ്രതിഷേധിച്ചു ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അക്രമാസക്തമാവുകയും ,ചാനലുകളില്‍ കൂടുതല്‍ വിനോദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പാതിരാത്രിവരെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കുകയും  പൊതുസ്ഥലത്ത് മദ്യപിക്കുവാനുള്ള നിശബ്ദ പ്രഖ്യാപനം നടത്തുകയും ചെയ്തു  .ആ തീരുമാനം മദ്യവിരോധികള്‍ക്ക് പോലും 
ഉത്തമമായ ഒന്നായി തോന്നുകയും ചെയ്തു . 

അന്താരാഷ്ട്ര വിനോദ വ്യാപാര കേന്ദ്രം ഉല്‍ഘാടനം അടുത്തു വരുന്നതിനാലും  ഉടമയുടെ ലാഭത്തെ ബാധിക്കുമെന്നതിനാലും 
വിപണന കേന്ദ്രത്തിന്റെ ചുറ്റുപാടും സര്‍ക്കാര്‍ ചെലവില്‍  വൃത്തിയാക്കി എം എല്‍ ഏ യുടെയും മന്ത്രിയുടെയും ഫ്ലെക്സ് വച്ച് പൂജിക്കുവാനും ഏര്‍പ്പാടുകള്‍ നടന്നു . മന്ത്രിയുടെ ഫ്ലെക്സ് ചിത്രം കൊതുകിന്റെ  കാരികേച്ചര്‍ പോലെ തോന്നി. 

 ഒരു തോട് വൃത്തിയാക്കിയപ്പോള്‍ രാജഭരണകാലത്തെ ഒരു കലപ്പ കണ്ടെടുത്തു അതില്‍ നിന്നും പഴയ കാലത്ത് ഈ പ്രദേശത്ത് കൃഷി നടന്നിരുന്നതായി മനസ്സിലാക്കപെട്ടു . തുടര്‍ന്ന് അവിടെ ജീവിച്ചിരിക്കുന്ന കര്‍ഷകര്‍ക്ക് റേഷന്‍ കട വഴി അഞ്ചു കിലോ പച്ചരി വിതരണം ചെയ്യുമെന്നു വിപണന കേന്ദ്രത്തിന്റെ ഉല്‍ഘാടവേളയില്‍ മന്ത്രി പ്രഖ്യാപിച്ചു . 

Tuesday, February 19, 2013

കൊതുക് - 2


കൊതുക് - 2

മലകളിലും രക്തം ഊറ്റുന്ന കൊതുകുകളെ കണ്ട കഥ പരന്നു , കയ്യില്‍ പന്തവുമായി നീങ്ങുന്ന തോട്ടം തൊഴിലാളികളെ പകല്‍ പോലും കണ്ടു തുടങ്ങി 
ഒരു മലയോര പട്ടണത്തിലെ ശവപെട്ടി കടയിലെ സഹായി കൊതുകുകളെ പേടിച്ചു ശവപെട്ടിയില്‍ കിടന്നുറങ്ങുകയും പക്ഷെ അതിനുള്ളില്‍ കടന്നു കയറി 
ആക്രമിച്ച കൊതുകുകളാല്‍ കൊല്ലപ്പെട്ട അയാളെ ആ പെട്ടിയോടെ തന്നെ അടക്കിയ സംഭവം വാര്‍ത്തയായി .അതെ തുടര്‍ന്ന് ശവപ്പെട്ടികള്‍ നിരോധിക്കാനായി 
ഒരു എം എല്‍ എ  നിയമസഭയില്‍ നടുത്തളത്തില്‍ കൊതുക് വേഷം കെട്ടി ഇറങ്ങി സാമാജികരെ ചിരിപ്പിച്ചതും കൊതുകുകളെ നേരിടാന്‍ പുതിയ സേന രംഗത്ത് വരുമെന്ന് മന്ത്രി ഉറപ്പു പറഞ്ഞതും ടി വി യില്‍ പലവട്ടം കാണിച്ചത് പ്രേക്ഷകരെ കൂടുതല്‍ പേടിപ്പിച്ചു .

പേടി അതിന്റെ നീണ്ട കൊമ്പു കൊണ്ട് ജനത്തെ കുതികൊണ്ടിരുന്നു .അവരുടെ കണ്ണുകളില്‍ ,കാതുകളില്‍ ,വര്‍ത്തമാനത്തില്‍ അത് പോലെ ചരിത്രത്തിലും  ..
കൊതുകുകളെ പ്രതിരോധിക്കാന്‍ തക്ക തൊലിക്കട്ടിയുള്ള ഒരു വര്‍ഗം ഉയര്‍ന്നു വരുന്നതിന്റെ  കാരണം ആകാം ഈ സംഭവം എന്നും ജനിതക ശാസ്ത്രന്ജരില്‍  ഒരു വിഭാഗം നിരീക്ഷിച്ചു .

എന്നാല്‍ ചരിത്രത്തിനു വിചിത്രമായ ആവര്‍ത്തന സ്വഭാവം ഉണ്ടെന്നും അതിന്റെ മുന്‍ ആവര്‍ത്തനം ലെമുറിയ എന്ന പുരാതന ഭൂഖണ്ടവുമായി  ഉണ്ടെന്നും കുമാരി കാണ്ടെതിന്റെ അവസാന കാലത്ത് ഈ കൊതുകുകളുടെ സാമീപ്യത്തെ പറ്റി പറയുന്ന രേഖകള്‍ കണ്ടെത്തിയതായും  ടി വി ചര്‍ച്ചയില്‍ ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ പരുക്കന്‍ ശബ്ദത്തില്‍ സംശയ ലേശമില്ലാതെ പ്രഖ്യാപിച്ചു .പരുക്കന്‍ ശബ്ദം പല ടി വി സെറ്റുകളിലും പതറി കേട്ടത് കൊണ്ട് പലര്‍ക്കും അത് കേള്‍ക്കാനായില്ല അത് കൊണ്ട് തന്നെ ആ ചര്‍ച്ച കൂടുതല്‍ വാരികകള്‍ ഏറ്റെടുത്തില്ല .പിന്നീടുള്ള ടി വി ചര്‍ച്ചകളില്‍ അയാളെ വിളിക്കാന്‍ 
ചാനെലുകള്‍ തയ്യാറായില്ല .ഒരു ടി വി സ്റ്റുഡിയോയ്ക്ക് മുന്നില്‍ ശ്രദ്ധ ആകര്‍ഷിക്കാനായി നിന്ന അയാള്‍ കൊതുകുകളുടെ ആക്രമണത്തിന് വിധേയനായത് വലിയ  വാര്‍ത്തയായി .

Friday, February 8, 2013

കൊതുക്

 
ഞാനും ആദ്യം വിശ്വസിച്ചില്ല സംഭവം 
 അത് കൊണ്ട് തന്നെ എളമക്കര ഭാഗത്ത് അങ്ങിനെ ഒരു കാര്യം ഉണ്ടായെന്നും
 അത് അത്ര ഗൌരവമുള്ളതാണെന്നും വിചാരിച്ചില്ല .

കൊതുക് കടിച്ച മുറിവില്‍ നിന്നും നിര്‍ത്താതെ രക്തം ഒഴുകുന്നു
പലരും ആശുപത്രിയിലാണ് .

മെഡിക്കല്‍ കോളേജില്‍ മറ്റൊരാവശ്യത്തിനായി പോയപ്പോഴാണ് 
ആ കുട്ടിയ കണ്ടത് രക്തം വാര്‍ന്നു വിളറി വെളുത്ത് കണ്ണുകളില്‍ പേടി  നിറഞ്ഞു ,
കയ്യില്‍ കെട്ടിയ ബാന്‍ഡേജില്‍ ചോര ചുവന്നു നില്‍ക്കുന്നു .
മറ്റു ആറു പേര്‍ കൂടി ആശുപത്രിയില്‍ ഉണ്ട് .

ചുറ്റി വരുന്ന കൊതുകിനെ കണ്ടു  അവന്‍ ആര്‍ത്തു നിലവിളിക്കുന്നത് കണ്ടപ്പോഴാണ് 
അവന്‍റെ   അനുഭവം ഭീകരമാണെന്ന് മനസ്സിലായത് .

തടിച്ച പുതപ്പുകള്‍ കൊണ്ട് മൂടി ഈ വേനലില്‍ പേടിച്ച്ചരണ്ട് ഉറക്കമില്ലാതെ 
മരണ ഭയവുമായി കിടക്കുമ്പോള്‍ എവിടെനിന്നാണ് ഈ കൊതുക് വരുന്നത് 
എന്നാണ് ആലോചിക്കുന്നത് ?